
പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് തുറന്ന് തിരുത്തിയിട്ടുണ്ടെന്ന വാദത്തിൽ മലക്കംമറിഞ്ഞ് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എൻജിഒ യൂണിയന്റെ സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് മുൻ മന്ത്രി കൂടിയായ ജി സുധാകരൻ പോസ്റ്റൽ ബാലറ്റ് തുറന്നു നേക്കിയിരുന്നു എന്ന് വെളിപ്പെടുത്തിയത്. എന്നാൽ, സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടതോടെയാണ് ജി സുധാകരൻ നിലപാട് മാറ്റിയത്.
താൻ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നുമായിരുന്നു കടക്കരപ്പള്ളിയിൽ സിപിഐ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഴയ കാല പാർട്ടി പ്രവർത്തകരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ജി.സുധാകരൻ പറഞ്ഞത്. ‘‘ഞാൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചിട്ടില്ല. എൻജിഒ സമ്മേളനത്തിന്റെ ഭാഗമായി വേദിയിലെത്തിയപ്പോൾ സംഘടനയുടെ ഭാഗമായി വോട്ടു ലഭിക്കുന്നില്ലെന്ന കാര്യം ഒരു നേതാവ് സുചിപ്പിച്ചപ്പോൾ മുന്നറിയിപ്പ് എന്ന രീതിയിൽ പറഞ്ഞതാണ്. ലേശം ഭാവന കലർത്തി പറഞ്ഞു. മാധ്യമങ്ങൾ അവർക്ക് ആവശ്യമുള്ള രീതിയിൽ അവതരിപ്പിച്ചു. വിവാദങ്ങൾ പാടില്ല. വാദങ്ങളും വിവാദങ്ങളും ചർച്ച ചെയ്യണം. 20 വർഷമായി എംഎൽഎ ആയിരുന്നപ്പോഴും ആർക്കും വോട്ടിനു വേണ്ടി പണം നൽകിയിട്ടില്ല. അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്’’ – ജി.സുധാകരൻ പറഞ്ഞു.











